This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വിസ് മത്സരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്വിസ് മത്സരം

Quiz Competition

പങ്കെടുക്കുന്ന വ്യക്തിയുടെ ബുദ്ധി, ബോധം, ഓര്‍മശക്തി എന്നിവ ഒരുമിച്ച് ചടുലതയോടെ പ്രവര്‍ത്തിക്കേണ്ടുന്ന ഒരു വൈജ്ഞാനിക-കലാവിനോദം. പ്രശ്നോത്തരി എന്നും അറിയപ്പെടുന്നു. രണ്ടോ അതിലധികമോ വ്യക്തികളോ ടീമുകളോ കാണും ക്വിസ് മത്സരത്തില്‍. നിശ്ചിത ക്രമത്തില്‍ ചോദ്യം ചോദിക്കുകയും ഉത്തരം വിലയിരുത്തുകയും ചെയ്യുന്നു. ചോദ്യം ചോദിക്കുന്ന അഥവാ പരിപാടി നയിക്കുന്ന വ്യക്തിയെ ക്വിസ്മാസ്റ്റര്‍ എന്നാണ് വിളിക്കുക.

പലരൂപങ്ങളിലും പ്രശ്നോത്തരികള്‍ നടത്തപ്പെടുമെങ്കിലും സാധാരണഗതിയില്‍ വളരെ ഹ്രസ്വവും കൃത്യവുമായ ഉത്തരങ്ങളും അവ ലഭിക്കാവുന്നതരം ചോദ്യങ്ങളുമാണ് ക്വിസ് മത്സരങ്ങളുടെ പ്രത്യേകത. ശാസ്ത്രം, സാമൂഹികപാഠം, കണക്ക്, പൊതുവിജ്ഞാനം, സാഹിത്യം എന്നിങ്ങനെ വിവിധ മേഖലകളില്‍ ക്വിസ് ആകാം. സമീപകാലത്ത് ദൃശ്യമാധ്യമങ്ങളാണ് പ്രശ്നോത്തരികള്‍ക്ക് കൂടുതല്‍ സമയവും ആകര്‍ഷണീയതയും വൈവിധ്യവും നല്‍കിവരുന്നത്. വിവരസാങ്കേതിക വിദ്യയുടെയും മള്‍ട്ടീമീഡിയയുടെയും വികാസപരിണാമങ്ങള്‍ക്കനുസരണമായി ആധുനികമായ നിരവധി സജ്ജീകരണങ്ങളും സങ്കേതങ്ങളും ഇന്ന് ക്വിസ് മത്സരവേദികളെ ആകര്‍ഷണീയമാക്കിയിട്ടുണ്ട്. വിവിധ വിജ്ഞാനശാഖകളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ ഇവ അവസരം നല്കുന്നു. വിജ്ഞാനകോശങ്ങളും വിവിധ വിഷയങ്ങളിലെ നിഘണ്ടുക്കളും സമകാലിക ജേര്‍ണലുകളും പ്രസിദ്ധീകരണങ്ങളും ധാരാളമായി റഫര്‍ ചെയ്യപ്പെടുന്നത് ക്വിസിന്റെ ആവിര്‍ഭാവത്തോടെയാണ്. ഗൈഡുകളും ടാബ്ലറ്റുകളും പോലെ ക്വിസ് ഗ്രന്ഥങ്ങളും ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്. ക്വിസ് പരിപാടികള്‍ മിക്കവയും സമയബന്ധിതമായിരിക്കും. അപൂര്‍വമായെങ്കിലും ക്വിസ് മാസ്റ്റര്‍മാര്‍തന്നെ കൂടുതല്‍ പോയിന്റും നേടാറുണ്ട്. സ്കോറിങ് എങ്ങനെയായിരിക്കുമെന്ന് വിശദീകരിക്കുവാനും സ്കോറിങ് നടത്താനും സാധാരണ ക്വിസ് പരിപാടിയില്‍ സ്കോറര്‍ ഉണ്ടാകും. എന്നാല്‍ ക്വിസ് മാസ്റ്ററാകും വിധി നിര്‍ണയിക്കുക. ക്ലാസ്സുകള്‍, സ്കൂള്‍, കോളജ് തലങ്ങള്‍, ഇന്റര്‍ കോളീജിയറ്റ്, ഇന്റര്‍ യൂണിവേഴ്സിറ്റി, ഇന്റര്‍ സ്കൂള്‍, ഇന്റര്‍ ഡിസ്ട്രിക്റ്റ്, ഇന്റര്‍ സ്റ്റേറ്റ് ക്വിസ് മത്സരങ്ങള്‍ വരെ ഇപ്പോള്‍ നടത്താറുണ്ട്.

വിജ്ഞാന വിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തില്‍ ലോകത്താകമാനം ക്വിസ് പരിപാടികള്‍ അനുദിനം വര്‍ധിച്ചുവരികയാണ്. പുതിയ അറിവുനേടാനും അവ സംഭരിച്ചുവയ്ക്കാനുമുള്ള ഇന്നത്തെ തലമുറയുടെ ഉത്സാഹം ക്വിസ് മത്സരത്തിലുടനീളം പ്രകടമാണ്. ബി.ബി.സി.യുടെ 'മാസ്റ്റര്‍ മൈന്‍ഡ്' ക്വിസ് പ്രോഗ്രാം, ദൂരദര്‍ശന്റെ ദേശീയ സംപ്രേക്ഷണസംവിധാനം വഴി സിദ്ധാര്‍ഥബസു ക്വിസ്മാറ്റര്‍ ആയി അവതരിപ്പിച്ച 'ക്വിസ് ടൈം', 'സാര്‍ക് (SAARC) ക്വിസ്, മലയാളിയായ ജി.എസ്. പ്രദീപ് കേരളത്തിലെ ഒരു സ്വകാര്യ ചാനലിലൂടെ അവതരിപ്പിച്ച അശ്വമേധം, അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കോന്‍ ബനേഗാ ക്രോര്‍പതി, ദി വീക്കസ്റ്റ് ലിങ്ക്, ജിയോപാരഡി, ഞാന്‍ കോടീശ്വരന്‍ തുടങ്ങി നിരവധിയായ ക്വിസ് അധിഷ്ഠിതമായ വൈജ്ഞാനിക പരിപാടികള്‍ ഇന്ന് ടി.വി. ചാനലുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയവയാണ്.

(ഡോ. കെ. ശിവദാസന്‍പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍